തിരുവനന്തപുരം : എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി. ജലീലിനെ തള്ളിയത് ലാവ്ലിന് കേസില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്‍റെ ഭാഗമായാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലകുട്ടി.
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാതന്ത്ര്യ പിതാമഹാന്‍മാര്‍ കെട്ടിപ്പടുത്ത വലിയ പ്രസ്ഥാനത്തേയാണ് പിണറായി ശിക്ഷിച്ചത്. സഹകരണ മേഖല നിങ്ങള്‍ക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ലെന്നും അബ്ദുല്ലക്കുട്ടി.
മുങ്ങിക്കൊണ്ടിരിക്കുന്ന കരുവന്നൂര്‍, എ.ആര്‍ നഗര്‍ സഹകരണ ബാങ്കുകള്‍ക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ഈ കൂട്ടുകെട്ട് തടയാന്‍ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാന്‍ അവസരമുണ്ടാക്കരുതെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം എ.ആര്‍ നഗര്‍ സഹകരണബാങ്കിലെ തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എയുടെ നിലപാട് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ മുസ്ലിം ലീഗ്-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്.