മാവേലിക്കര : കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമ വികസനപദ്ധതികളുടെ കുളിർമഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടി. എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം കേന്ദ്ര ഗവൺമെന്റിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മാവേലിക്കരയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ സർക്കാർ ഒരു നയാപൈസ കൃഷിക്കാർക്ക് കൊടുത്തിട്ടുണ്ടോ എന്ന് ഒരിക്കൽ എന്റെ ഉപ്പ ചോദിച്ചു. ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല. ബാപ്പ കേൾക്കുമാറ് ഉച്ചത്തിൽ ഞാൻ പറയട്ടെ. ബാപ്പാ, ഒരു നയാപൈസയല്ല, ഒരു വർഷം ആറായിരം ഉറുപ്പിക ഇന്ത്യയിലെ കോടിക്കണക്കിന് കൃഷിക്കാരുടെ അക്കൗണ്ടിലിട്ട് കൊടുക്കുന്ന ഒരു പ്രധാനമന്ത്രി വന്നിരിക്കുന്നു, കൃഷി സമ്മാൻ പദ്ധതിയുമായി, നരേന്ദ്രമോദി. ഇങ്ങനെ നരേന്ദ്രമോദിയുടെ ക്ഷേമ വികസന പദ്ധതികളുടെ കുളിർ മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോ കേരളത്തിൽ. ഒരു പ്രദേശമുണ്ടോ?’ – അദ്ദേഹം ചോദിച്ചു.
‘ പണ്ടൊക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ വന്നാൽ ചോദിക്കും. നിങ്ങൾക്ക് വോട്ടു ചെയ്തിട്ടെന്താ കാര്യം? ഇന്ന് അങ്ങനെ ആരെങ്കിലും ചോദിക്കുമോ? ഈ കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ക്ഷേമ വികസന പദ്ധതികളെല്ലാം കേന്ദ്ര ഗവൺമെന്റിന്റേത് മാത്രമാണ്. അത് പിണറായി വിജയനും അദ്ദേഹത്തിന്റെ ഗവൺമെന്റും പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ ചെന്ന് ശാസ്താവിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് ഈ പിണറായി വിജയന്റെ ദുഷിച്ച ഭരണത്തിനെതിരെ വിധിയെഴുതാൻ ആത്മാർത്ഥമായി രംഗത്തിറങ്ങണം’ – അദ്ദേഹം പറഞ്ഞു.