ടെക്നോളജി പ്രേമികളെ ഇളക്കിമറിച്ചുകൊണ്ട് ആപ്പിളിന്റെ ഐഫോൺ 15 നിര കളത്തിൽ അവതരിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ നിർണായകമായ ഒട്ടേറെ മാറ്റങ്ങൾ സ്മാർട്ട്ഫോൺ വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നു. പുതിയ ഐഫോൺ 15 സീരീസിലെ മോഡലുകൾക്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വഴിയൊരുക്കാൻ ഒട്ടനവധി പ്രഖ്യാപനങ്ങൾ ആപ്പിളിന്റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഐഫോൺ 15 നിര എത്തിയതോടെ അതുവരെ മുൻനിരയിൽ ഉണ്ടായിരുന്ന ഐഫോൺ 14 സീരീസ് പിന്നിലേക്ക് ഒരടി തള്ളപ്പെട്ടു. തുടർന്നുള്ള മോഡലുകളിലേക്കും ഈ സ്ഥാനമാറ്റം ഉണ്ടായി. ഇപ്പോൾ ഐഫോൺ 14 സീരീസിന് രണ്ടാം സ്ഥാനമേയുള്ളൂ. ഐഫോൺ 15 ഫോണുകൾ അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ മുൻ മോഡലുകളുടെ വില പുതുക്കപ്പെട്ടു.
അതോടൊപ്പം തന്നെ മറ്റൊരു നിർണായ പ്രഖ്യാപനവും ആപ്പിളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. ഐഫോൺ 15 ഫോണുകൾ എത്തിയതിനാൽ നിലവിൽ വിപണിയിലുള്ള 4 ഫോണുകൾ നിർത്തലാക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഫോൺ 12, ഐഫോൺ 13 മിനി, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയാണ് അവ. എന്നാൽ ഒറ്റയടിക്ക് ഇവ നിർത്തലാക്കില്ല, പകരം ഘട്ടം ഘട്ടമായി ലഭ്യത കുറച്ചുകൊണ്ടാകും ഈ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കുക എന്നാണ് വിവരം. 1,39,900 രൂപ വിലയുള്ള ഐഫോൺ 14 പ്രോ മാക്‌സ് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തു. അതേപോലെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14 പ്രോയും ഇന്ത്യൻ വിപണിയിൽ നിർത്തലാക്കി. 1,29,900, രൂപ പ്രാരംഭ വിലയിലാണ് ഐഫോൺ 14 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിച്ചത്. ഈ ഫോണുകളുടെ സ്ഥാനത്തേക്ക് ഇനി പുതിയ ഐഫോൺ 15 സീരീസിലെ മോഡലുകൾ ഇടം പിടിക്കും. എന്നാൽ വിലയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. കഴിഞ്ഞ വർഷത്തെ രണ്ട് മോഡലുകളെ കൂടാതെ മുൻ വർഷങ്ങളിലെ രണ്ട് മോഡലുകളും നിർത്തലാക്കുന്നവയുടെ പട്ടികയിലുണ്ട്.
2021 ഐഫോൺ ലൈനപ്പിൽ താങ്ങാനാവുന്ന നിരക്കിൽ അവതരിപ്പിച്ച ഐഫോൺ 13 മിനിയും 2020-ൽ അവതരിപ്പിക്കപ്പെട്ട ഐഫോൺ 12 സ്മാർട്ട്ഫോണും ആണ് ആപ്പിൾ ഐഫോൺ നിരയിൽനിന്ന് ഇപ്പോൾ പുറത്തായിരിക്കുന്ന മറ്റ് രണ്ട് മോഡലുകൾ. ഐഫോൺ 13 മിനി 128GB സ്റ്റോറേജ് മോഡൽ 69,900 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ എത്തിയത്. 128 ജിബി സ്റ്റോറേജ് മോഡലുള്ള ഐഫോൺ 12ന് 59,900 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഈ നാല് മോഡലുകൾക്കും ഇനി വിൽപ്പനയ്ക്കുള്ള ആപ്പിളിന്റെ പട്ടികയിൽ ഇടം ഉണ്ടാകില്ല. പക്ഷേ ഈ ഫോണുകൾ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ബദൽ മാർഗങ്ങൾ തുറന്നുകിടപ്പുണ്ട്. തേർഡ് പാർട്ടി റീട്ടെയിലർമാർ വഴിയും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഇവ വാങ്ങാം. നിലവിലുള്ള സ്റ്റോക്ക് തീരുന്നടം വരെയാകും ഈ പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാകുക. ഇതിൽ ഐഫോൺ 13 മിനി പോലുള്ള മോഡലുകൾ ഇതിനകം തന്നെ ക്ഷാമം നേരിടുന്നവയാണ്. ഐഫോൺ 15 അവതരണത്തിന് പിന്നാലെ ഈ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ആപ്പിൾ ഇത്തരമൊരു നടപടി എല്ലാക്കൊല്ലവും കൈക്കൊള്ളുന്നത്. തങ്ങളുടെ പുതിയ സാങ്കേതികവിദ്യ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ആപ്പിൾ ഇതുവഴി ഉറപ്പുവരുത്തുന്നു. ഇന്ത്യയിൽ, ഐഫോൺ 15 ന്റെ പ്രാരംഭ വില 79,900 രൂപയാണ്. സെപ്റ്റംബർ 22 ന് ആണ് വിൽപ്പന ഔദ്യോഗികമായി ആരംഭിക്കുക. എന്നാൽ, പ്രീബുക്കിങ് സൗകര്യമുണ്ട്.