ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍. ഫെയ്‌സ് ഐഡിക്കു പുറമെ, ആധൂനിക ഡിസൈനും ഐഫോണ്‍ എസ്ഇ 4 എന്നു വിളിക്കുന്ന മോഡലിന് കണ്ടേക്കും. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 14 എന്നിവയുടെ നിര്‍മാണ രീതിയില്‍ നിന്ന് കടമെടുത്തായിരിക്കും. 6.1-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനുള്ള ഫോണ്‍ പുറത്തിറക്കുക. തുടക്ക വേരിയന്റിന് ഏകദേശം 50,000 രൂപയായിരിക്കും വില എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. വില്‍പ്പനയിലുള്ള ഐഫോണ്‍ എസ്ഇ 3യുടെ സ്‌ക്രീന്‍ സൈസ് 4.7 ഇഞ്ച് ആണ് എന്നിടത്താണ് പുതിയ ഫോണിന്റെ പ്രസക്തി. ഐഫോണ്‍ പ്രീമിയം മോഡലുകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു നിറുത്തുന്ന ഘടകങ്ങളിലൊന്ന് അതിന്റെ പിന്നിലെ ഒറ്റ ക്യാമറ ആയിരിക്കും. എന്നാല്‍, ഈ ക്യാമറ മുന്‍തലമുറയിലെ എസ്ഇ മോഡലുകളെക്കാള്‍ വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ മികച്ച ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ ഉപകരിച്ചേക്കും. അതേസമയം, 50എംപി ക്യാമറ കിട്ടുമോ, അതോ 12എംപി ആയിരിക്കുമോ എന്ന കാര്യത്തിലും ഇപ്പോഴും ലീക്കര്‍മാര്‍ തമ്മില്‍ അഭിപ്രായ ഐക്യം ഇല്ല.
താരതമ്യേന വില കുറഞ്ഞ പുതിയ ഐഫോണ്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. നേരത്തെ വന്നിരുന്ന ചില ഊഹാപോഹങ്ങളും ശരിയായാല്‍ ഇത് ഒരു വമ്പന്‍ അപ്‌ഡേറ്റ് തന്നെ ആയിരിക്കാം. ഏറ്റവും പുതിയ ഐഫോണ്‍ 16 സീരിസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നഎ18 ബയോണിക് പ്രൊസസറിന് സമാനമായ ഒന്നായിരിക്കാം ഇതില്‍ ഉള്‍ക്കൊള്ളിക്കുക. അതായത്, ആപ്പിളിന്റെ നിര്‍മ്മിത ബുദ്ധിയായ (എഐ) ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാനുള്ള ഹാര്‍ഡ്‌വെയര്‍ കരുത്തും കണ്ടേക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ഐഫോണ്‍ 16 സീരിസ്, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കരുത്തുറ്റ ഫോണായേക്കാം എസ്ഇ 4. പ്രൊസസിങ് കരുത്ത് കണ്ടേക്കാമെങ്കിലും, കഴിഞ്ഞ ഏതാനും തലമുറ ഐഫോണ്‍ മോഡലുകളില്‍ കണ്ട ഡൈനാമിക് ഐലൻഡ്, ക്യാമറാ ബട്ടണ്‍, ആക്ഷന്‍ബട്ടണ്‍ തുടങ്ങിയവ എസ്ഇ 4ല്‍ കണ്ടേക്കില്ലെന്നും പറയപ്പെടുന്നു.