റാന്നി: കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം റാന്നി ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിൽ നടപ്പിലാക്കുന്ന കൂൺ ഗ്രാമം എന്ന പദ്ധതിയിലേക്ക് കൂൺ കൃഷി ചെയ്യാൻ താത്പര്യം ഉള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതാണ്. കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വനിതകൾക്കും യുവജനങ്ങൾക്കും നിശ്ചിത വരുമാനം ലഭ്യമാക്കുകയും ചെറുകിട കർഷകർക്കിടയിൽ കൂൺ കൃഷി വർദ്ധിപ്പിക്കുകയും വിഷരഹിത ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂൺ കൃഷി (1 യൂണിറ്റ് 100 കൂൺ ബെഡ്- യൂണിറ്റിന് 40% സബ്സിഡി 11250 രൂപ), വൻകിട കൂൺ ഉൽപാദക യൂണിറ്റിന് (യൂണിറ്റിന് 40% സബ്സിഡി 2 ലക്ഷം രൂപ), വിത്തുൽപാദന യൂണിറ്റിന് (1 യൂണിറ്റിന് 40% സബ്സിഡി 2 ലക്ഷം രൂപ), പാക്കിംഗ്, പ്രോസസിംഗ്, മൂല്യ വർദ്ധിത വിപണന കേന്ദ്രം (9×6 മീറ്റർ അളവിലുള്ള ഒരു പാക്കിംഗ് യൂണിറ്റ് നിർമ്മിക്കുന്നതിന് 50% സബ്സിഡി 2 ലക്ഷം രൂപ) ഒരു കംപോസ്റ്റ് (യൂണിറ്റ് 30 അടി നീളവും 8 അടി വീതിയും 2.5 അടി ഉയരവുമുള്ള ടാങ്കിന് 50000 രൂപ), പ്രിസർവേഷൻ യൂണിറ്റിന് (50% സബ്സിഡി 1 ലക്ഷം രൂപ) തുടങ്ങി ഘടകങ്ങൾ ചേർന്ന ഓരോ യൂണിറ്റിനും ആനുകൂല്യം നൽകുന്നതാണ്.
താത്പര്യമുള്ള കർഷകർ അടുത്ത മാസം 5ന് മുൻപായി അതാത് കൃഷി ഭവനുകളിൽ അപേക്ഷ നൽകണം.