ലണ്ടന്‍ : യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ യുവാക്കള്‍ക്കായി പുതിയതായി അവതരിച്ച ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതല്‍ വീണ്ടും ആരംഭിക്കും. അടുത്ത മാസം 20 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2:30 മുതലാണ് ബാലറ്റ് ആരംഭിക്കുക. 22 ന് ഉച്ചകഴിഞ്ഞ് 2:30 ന് ബാലറ്റ് അവസാനിക്കും. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാലറ്റ് നടക്കുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കിലൂടെ പ്രവേശിച്ച് അപേക്ഷ നല്‍കാം. www.gov.uk എന്ന വെബ്സൈറ്റില്‍ ബാലറ്റ് നടക്കുന്ന സമയം ലഭ്യമാകും. ബാലറ്റില്‍ അപേക്ഷിക്കാന്‍ പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ബാലറ്റ് ആരംഭിക്കുന്ന സമയത്ത് കരുതി വെയ്ക്കണം. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാരന്‍, ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യത, യുകെയില്‍ ജീവിക്കുന്ന കാലത്ത് ചിലവ് നേരിടാന്‍ കഴിയുമെന്നത് തെളിയിക്കാന്‍ 2,530 പൗണ്ട് (2,60,000 ഇന്ത്യന്‍ രൂപ) ബാങ്ക് സേവിങ്‌സ് എന്നിവയാണ് വീസക്ക് അപേക്ഷിക്കാന്‍ ഉള്ള യോഗ്യതകള്‍.
ബാങ്ക് സേവിങ്‌സില്‍ കുറഞ്ഞത് 28 ദിവസമെങ്കിലും തുടര്‍ച്ചയായി പണം ഉണ്ടായിരിക്കണം. ഈ 28 ദിവസമെന്നത് വീസയ്ക്ക് അപേക്ഷിച്ച് 31 ദിവസത്തിനുള്ളില്‍ ആയിരിക്കണം. വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്. അപേക്ഷകനൊപ്പം 18 വയസിന് താഴെയുള്ള കുട്ടികളോ അപേക്ഷകന്റെ സംരക്ഷണത്തില്‍ കഴിയുന്ന സാമ്പത്തിക ബാധ്യതയുള്ളവരോ ഇല്ലെന്നും തെളിയിക്കണം. ബാലറ്റില്‍ വിജയിച്ച എന്‍ട്രികള്‍ ക്രമമായി തിരഞ്ഞെടുക്കും. ബാലറ്റ് അവസാനിച്ച് 2 ആഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ ഇമെയില്‍ വഴി അറിയിക്കും. അതിനുശേഷം മാത്രമാകും ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വീസയ്ക്കായി അപേക്ഷിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വീസ ലഭിക്കുന്നവര്‍ക്ക് 2 വര്‍ഷം യുകെയില്‍ ജീവിക്കാനും ജോലിചെയ്യാനും സമ്പാദിക്കാനുമുള്ള അനുമതിയാണ് ലഭിക്കുക. ബാലറ്റില്‍ പ്രവേശനം സൗജന്യമാണ്. അതേസമയം വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ 298 പൗണ്ട് ഫീസായി അടയ്ക്കണം. 2024 ല്‍ ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീമില്‍ 3000 വീസകളാണ് ലഭ്യമാവുക. ഫെബ്രുവരിയിലെ ബാലറ്റില്‍ ഭൂരിഭാഗം വീസകളും ലഭ്യമാക്കും. ബാക്കിയുള്ള ഒഴിവുകള്‍ ജൂലൈയിലെ ബാലറ്റില്‍ ലഭ്യമാക്കും.