മാവേലിക്കര : സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് സി.ടി രവികുമാർ കുടുംബവീടായ മാവേലിക്കര തഴക്കര കുറ്റിയിലയ്യത്ത് എത്തി അച്ഛനമ്മമാരുടെ അസ്ഥിത്തറയിൽ പ്രാർഥിച്ചു. സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു പിന്നാലെ കൊച്ചിയിൽനിന്ന് ഭാര്യ അഡ്വക്കേറ്റ് സൈറയോടൊപ്പം വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം മാവേലിക്കരയിലെത്തിയത്. കുടുംബവീട്ടിൽ താമസിക്കുന്ന സഹോദരനും റിട്ടയർ അധ്യാപകനുമായ കെ.ഡി മുരളീധരനും കുടുംബാംഗങ്ങൾക്കുമൊപ്പം സന്തോഷം പങ്കുവെച്ചശേഷം സന്ധ്യയോടെ മടങ്ങി.
‘അച്ഛന്റെ ആഗ്രഹമായിരുന്നു ന്യായാധിപനാകുകയെന്നത് ‘ അതു കാണാൻ അദ്ദേഹം ഇല്ലാത്തതിന്റെ നൊമ്പരം മനസ്സിലുണ്ട്. എല്ലാ ഉയർച്ചയ്ക്കും കാരണം അച്ഛന്റെയും അമ്മയുടെയും പ്രാർഥനയും ഈശ്വരാനുഗ്രഹവുമാണ്’- അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഡൽഹിയിലേക്കു പോകുമെന്നും ചൊവ്വാഴ്ച സ്ഥാനമേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ അച്ഛൻ കെ.ഒ തേവൻ ബെഞ്ച് ക്ലാർക്ക് ആയിരുന്നതാണ് നീതിന്യായമേഖല തിരഞ്ഞെടുക്കാൻ രവികുമാറിനു പ്രചോദനമായത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽനിന്ന് സുവോളജിയിൽ ബിരുദമെടുത്തു. കോഴിക്കോട് ഗവവൺമെന്റ് ലോ കോളേജിലായിരുന്നു നിയമപഠനം. എൻറോൾമെന്റിനുശേഷം കുറച്ചുനാൾ അഡ്വക്കേറ്റ് പി.എസ് വാസുദേവന്റെ ജൂനിയറായി മാവേലിക്കര കോടതിയിൽ പ്രവർത്തിച്ചു.
പിന്നീട് കൊച്ചിയിലെത്തി നാലുവർഷം അഡ്വക്കേറ്റ് എം.കെ ദാമോദരന്റെ ജൂനിയറായി. 1990 ൽ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. 1996-ൽ ഗവവൺമെന്റ് പ്ലീഡറായി. 2009 ജനുവരി അഞ്ചിനാണ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. നിലവിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയർമാൻ പദവിയും വഹിക്കുന്നു. പരേതയായ വി.ടി സരസ്വതിയാണ് അമ്മ. ആറുമക്കളിൽ ഏറ്റവും ഇളയവനായിരുന്നതിനാൽ കുഞ്ഞ് എന്നാണ് എല്ലാവരും ഓമനിച്ചു വിളിച്ചിരുന്നത്. മക്കൾ: അഡ്വക്കേറ്റ് നീതു രവികുമാർ, നീനു രവികുമാർ. മരുമകൻ: അഡ്വക്കേറ്റ് ശബരീഷ് സുബ്രഹ്മണ്യം