പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി(ഡിപിസി) അംഗീകാരം നല്‍കി. സ്പില്‍ ഓവര്‍ പ്രൊജക്റ്റുകള്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച പുതുക്കിയ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെയാണ് ഇത് സാധ്യമായത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് അംഗീകാരം. ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ.ദിവ്യ എസ് അയ്യര്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി പദ്ധതി സമര്‍പ്പിച്ചതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും ഡിപിസി അഭിനന്ദിച്ചു. പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനായി തയാറാക്കി സമര്‍പ്പിച്ച 489.438 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഡിപിസി അംഗീകരിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിനു തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.