റാന്നി : റാന്നിയിൽ പുതിയതായി പണിയുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ അമാന്തം കാരണം പാലംപണി പാതി വഴിയില്‍. സ്ഥലം ഏറ്റെടുക്കലിന് നോട്ടിഫിക്കേഷൻ അടക്കം നടപടി കഴിഞ്ഞെങ്കിലും ഇനിയും കടമ്പകൾ ഏറെയെന്നാണ് പൊതുമരാമത്ത് പാലം വിഭാഗത്തിൻ്റെ മറുപടി. നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് പണികൾ തുടങ്ങുമെന്ന് പറയുന്നുണ്ടങ്കിലും എപ്പോൾ എന്നുള്ള ചോദ്യത്തിന് വ്യക്തത ഇല്ല. കഴിഞ്ഞ കുറേ മാസങ്ങളായി സർവ്വേ ജോലികൾ തുടരുകയാണ്. ഇടക്കിടെ സർവ്വേ വിഭാഗത്തിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ അളവെടുത്ത് പോകുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പാലം പണി നിർത്തി വെച്ചതിനു ശേഷം തൂണിൻ്റെ ഉപരിലത്തിലെ കമ്പികൾ തുരുമ്പെടുത്തു തുടങ്ങിയിട്ട് നാളുകളായി. മുൻപ് നിർമ്മാണ ചുമതല കൊടുത്ത കരാറുകാരൻ ചെയ്യേണ്ട പണിയാണ് കമ്പികളിൽ തുരുമ്പ് പിടിക്കാതെ ചായം അടിക്കുകയും പാലത്തിൻ്റെ നദിമധ്യത്തിലുള്ള തൂണിൻ്റെ അടിത്തറയിലെ ഡി ആർ പാക്കേജ് തകർന്നത് പുനരുദ്ധരിക്കുന്നേണ്ടതും. എന്നാൽ പണി നിർത്തിവെച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും രണ്ടു ജോലികളും നടന്നില്ല. ഇത് നേരില്‍ കണ്ട് പരിശോധിക്കാൻ മുൻപ് കിഫ് ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവൺ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങേണ്ടതായിരുന്നു അവസാന കടമ്പയെങ്കിലും അതും കഴിഞ്ഞിട്ട് മാസങ്ങളായി.
നോട്ടിഫിക്കേഷൻ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം ഉടമകളുടെ പക്കൽ നിന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്കായി ജില്ലാ കളക്ടർ എല്‍.എ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയ നടപടിയാണ് നടന്നു കൊണ്ടിരിക്കുന്നത്. റാന്നി വില്ലേജിൽ 132 ഉം അങ്ങാടിയിൽ 20 ഉം വസ്തു ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.ഇതിൻ്റെ നടപടി ക്രമങ്ങൾ മുൻപ് പൂർത്തികരിച്ചതിനു ശേഷം നോട്ടിഫിക്കേഷന്നെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. എന്നാൽ ഇനിയും ഒരു നോട്ടിഫിക്കേഷൻ കൂടി നടക്കാനുണ്ടെന്നും അതിനു ശേഷം യോഗം ചേർന്ന് ക്ലീയറൻസ് നടത്തിയെങ്കിൽ മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാകൂയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനിടയിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഭൂ ഉടമകളുടെ യോഗം നടന്നിരുന്നു. എന്നാൽ ആ വിവരം എൽ.എ വിഭാഗം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. പാലത്തിൻ്റെ തുടർ പണികൾ വൈകാൻ കാരണം നോട്ടിഫിക്കേഷനുകൾ നടക്കാതിരുന്നതു കാരണമായിരുന്നു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ-ഉപാസന കടവുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലത്തിൻറെ നിർമ്മാണം ആരംഭിച്ചത്. 26 കോടി രൂപയായിരുന്നു പാലം നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമ്മാണം മുടങ്ങുകയായിരുന്നു. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചാൽ മാത്രമേ പാലത്തിൻറെ ബാക്കി നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുക ഉള്ളു. അങ്ങാടി കരയിൽ തിരുവല്ല റാന്നി റോഡിൽ നിന്നും ഉപാസന കടവിലേക്കുള്ള പാത വീതി വർധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയർത്തുന്നത്. രാമപുരം – ബ്ലോക്കുപടി ബൈപാസ് റോഡ് വീതി വർധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അപ്രാച്ച് റോഡ് നിർമ്മിക്കുന്നത്. നിലവിലുള്ള മാർക്കറ്റ് വിലയിലാണ് സ്ഥലങ്ങൾ ഏറ്റെടുക്കുക. റോഡിന് ഉള്ള സ്ഥലം അളന്ന് നേരത്തെ കല്ലിട്ടിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികൾ ആണ് ഇനി പൂർത്തിയാക്കാനുള്ളത്. സ്ഥലം ഏറ്റെടുത്ത് പൂർത്തിയാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം.