കായംകുളം : തിരക്കേറിയ റോഡിലെ പാലം തകര്‍ന്ന് വീണിട്ട് അഞ്ച് വര്‍ഷം. കാത്തിരുന്ന് പാലം പുതുക്കിപ്പണിതെങ്കിലും ഒരു വര്‍ഷമായിട്ടും നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കാനാകുന്നില്ല.അപ്രോച്ച് റോഡ് നിര്‍മിക്കാത്തതാണ് പ്രശ്നം. കായംകുളം നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലയിലെ നഗരവുമായി ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി പാലവും തകര്‍ന്നു കിടക്കുന്ന ചെമ്മക്കാട് ചാലാപ്പള്ളി റോഡുമാണ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധുമുട്ടുകയാണ്.
നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്നാണ് തകര്‍ന്ന പാലം നഗരസഭ 40 ലക്ഷം രൂപ വിനിയോഗിച്ച് പുനര്‍നിര്‍മിച്ചത്. എന്നാല്‍ ഇതോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിന് പണം കണ്ടെത്താന്‍ കടിഞ്ഞില്ല. പ്രതിഷേധം ശക്തമായതോടെ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു. എം. എല്‍.എ ഫണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി വന്നത്.
തീരദേശ പ്രദേശമായ ഇവിടേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ പത്ത് ലക്ഷം രൂപ കൂടി ചെലവാകും. ഇത് കണ്ടെത്താന്‍ കഴിയാത്തതാണ് പണി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസം. പാലം തകര്‍ന്നതോടെ പടിഞ്ഞാറന്‍ മേഖലയും നഗരവുമായുള്ള ബന്ധമാണ് മുറിഞ്ഞത്. നഗരത്തിലെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റേണ്ട സ്ഥിതിയാണ് ഇപ്പോള്‍.സര്‍ക്കാരിന്റെ റീബില്‍ഡ് കേരള വഴി 35ലക്ഷം രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ച് എന്നു പറയുന്നതല്ലാതെ നിര്‍മാണം നടക്കുന്നില്ല. ജനപ്രതിനിധികളുടെ കുറ്റകരമായ അനാസ്ഥയാണ് കാരണം.മഴ തുടങ്ങിയതോടെ പരിസരത്തെ ജനജീവിതം ദുസഹമാണ്. അടിയന്തിരമായി ഫണ്ട് അനുവദിച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സമരം തുടങ്ങും.