പത്തനംതിട്ട: താമസത്തിനും കൃഷിക്കുമായി വിട്ടുകൊടുത്ത ഭൂമി ഇപ്പോൾ റിസർവ് വനമായി കാണണമെന്ന വനം വകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പിലായാൽ റബ്ബർ മരങ്ങൾ പോലും മുറിക്കാൻ ആവില്ല എന്നത് കർഷകരെ ദുരിതത്തിലാക്കും. റാന്നി, കോന്നി താലൂക്കുകളിലെ പതിനായിരത്തോളം വരുന്ന കർഷക കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുകയാണ് വനംവകുപ്പിന്റെ പുതിയ ഉത്തരവെന്നും ബാബു ജോർജ് പറഞ്ഞു.
പതിനായിരക്കണക്കിന് കുടുംബങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഉത്തരവ് പിൻവലിച്ച് വനം വകുപ്പിന്റെ കർഷകരോടുള്ള വെല്ലുവിളി അവസാനിപ്പിക്കണം. റിസർവ് വനമായി സർക്കാർ പ്രഖ്യാപിച്ച വനഭൂമിയിലധികവും നൂറിലേറെ വർഷങ്ങളായി കർഷകരുടെ കൈവശമിരിക്കുന്ന കൈവശഭൂമിയും പട്ടയഭൂമിയുമാണ്. റാന്നി, കോന്നി എംഎൽഎമാർ ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കണം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാവർക്കും പട്ടയം കൊടുത്തതാണ്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ കോന്നിയിലെ പട്ടയങ്ങൾ റദ്ദാക്കി. ആ പട്ടയങ്ങൾ തിരിച്ചു കൊടുത്തിട്ടില്ല. ഇപ്പോൾ റിസർവ് വനമാക്കി കൊണ്ടുള്ള വനംവകുപ്പ് നടപടി കൂടി ആയപ്പോൾ പട്ടയത്തിനായി കാലാകാലങ്ങളായി അപേക്ഷിക്കുന്നവരെ തീർത്തും നിരാശരാക്കി തീർത്തിരിക്കുകയാണ് സർക്കാർ.
കോവിഡിന്റെ മറവിൽ നാട്ടിലെ കർഷകരെ പീഡിപ്പിക്കുന്ന വനംവകുപ്പിന്റെ ഉത്തരവിനെതിരെ കോവിഡ് പ്രതിരോധത്തിനായുള്ള ഹൈക്കോടതി ഉത്തരവ് മാനിച്ചു കൊണ്ട് 31 ന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങുമെന്നും ബാബു ജോർജ് പറഞ്ഞു.