കൊച്ചി: അറക്കവാൾ സ്രാവ് (സോഫിഷ്) സംരക്ഷണത്തിൽ ശകത്മായ ബോധവൽകരണത്തിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാർത്ഥി സംഗമം. അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആർഐ) സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ സംഗമം നടന്നത്. ആവാസകേന്ദ്രങ്ങളുടെ തകർച്ച, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥ വ്യതിയാനം, മത്സ്യബന്ധനവലകളിൽ അകപ്പെടൽ തുടങ്ങിയവ അറക്കവാൾ സ്രാവുകളെ ദോഷകരമായി ബാധിക്കുന്നു. ഇതേക്കുറിച്ച് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ശക്തമായ ബോധവൽകരണം ആവശ്യമാണ്. ഇവയുടെ ആവാസസ്ഥലത്ത് നീട്ടുവലകൾ (ഗിൽനെറ്റ്) ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ നിയനന്ത്രിക്കുകയോ വേണം. വലകളിൽ അപ്രതീക്ഷിതമായി കുടുങ്ങുന്നവയെ ജീവനോടെ തന്നെ കടലിൽ തുറന്നു വിടണം. തീരദേശ നിർമാണപ്രവർത്തനങ്ങളിൽ മികച്ച ശാസ്ത്രീയ മാതൃകകൾ സ്വീകരിക്കണമെന്നും സംഗമം നിർദേശിച്ചു.
ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസ വ്യവസ്ഥക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വംശനാശഭീഷണി നേരിടുന്ന ഇത്തരം മത്സ്യയിനങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നിരന്തരമായ ബോധവൽകരണം വേണം. തീരദേശ സംരക്ഷണം, മാലിന്യ നിർമാർജ്ജനം തുടങ്ങിയവക്ക് വേണ്ടി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. അറക്കവാൾ സ്രാവിനങ്ങളുടെ സംരക്ഷണത്തിൽ മത്സ്യത്തൊഴിലാളികൾ ബോധവാൻമാരാണ്. എങ്കിലും ഫലപ്രദമായ ബോധവൽകരണ കാംപയിനുകൾ ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിതീവ്ര വംശനാശ ഭീഷണി നേരിടുന്നവയാണ് അറക്കവാൾ സ്രാവിനങ്ങൾ. നിലവിൽ ഇന്ത്യയിൽ പശ്ചിമബംഗാൾ തീരത്ത് മാത്രമാണ് ഇവയെ കാണപ്പെടുന്നത്. മുന്നൂറോളം വിദ്യാർത്ഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. കൃത്രിമമായി നിർമിച്ച അറക്കവാൾ സ്രാവിന്റെ മാതൃക ഉപയോഗിച്ച് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ വിദ്യാർത്ഥികൾ ഇവയുടെ പ്രത്യേകതകൾ വിശദീകരിച്ചു. തീരക്കടലുകളിലാണ് ഈ സ്രാവിനങ്ങളെ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ മത്സ്യബന്ധന വലകളിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ.ശോഭ ജോ കിഴക്കൂടൻ പറഞ്ഞു. സംരക്ഷണരീതികൾ, കൃത്രിമ പ്രജനനത്തിന്റെ സാധ്യത തുടങ്ങി നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ഡോ.രമ്യ എൽ, ഡോ.ലിവി വിൽസൻ എന്നിവർ സംസാരിച്ചു.