ചെറുകോൽ: ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ “കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ ” എന്ന പേരിൽ ചെറുകോൽ ഗവ: യു പി സ്കൂളിൽ ട്രാഫിക്ക് – ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും മാതൃഭാഷാദിന സന്ദേശവും നല്കി. സ്കൂൾ ടീച്ചർ മിനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ ക്ലാസ് നയിച്ചു. അദ്ധ്യാപകരായ കെ.രാജി, ബി.രേഖ, ആൻസി ചാക്കോ, ബിന്ദു ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കുട്ടികളെ പോലും ലഹരി കടത്തിന് ഉപയോഗിക്കുന്ന കാലമാണിതെന്നും ലഹരി മാഫിയ സ്കൂളൾക്ക് ചുറ്റും കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുകയാണെന്നും ഒരു കാരണവശാലും അവരുടെ പ്രലോഭനത്തിലോ മോഹവലയത്തിലോ വീണുപോകരുതെന്നും ക്ലാസ് നയിച്ച ജനമൈത്രി ബീറ്റ് ഓഫീസർ എം.സുൽഫിഖാൻ റാവുത്തർ പറഞ്ഞു. സമൂഹത്തെയും പുതിയ തലമുറയെയും കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.