പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറന്മുള നിയോജക മണ്ഡലത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്ക് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. മരുന്ന്, ആഹാരസാധനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കുള്ള അവശ്യസാധങ്ങള്‍, തുടങ്ങിയവ വോളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനായി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ അവശ്യസാധനങ്ങള്‍ ലഭ്യമായവര്‍ ഏറെയാണ്.
800ല്‍ അധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ആശുപത്രിയില്‍ എത്തിച്ചേരാന്‍ വാഹനസൗകര്യം, ഭക്ഷണ കിറ്റ്, ഭക്ഷണപൊതി, കുട്ടികള്‍ക്കുള്ള പാല്‍പൊടി, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍, ബേബി ഡയപ്പര്‍ തുടങ്ങി വരെ ഇവിടെ നിന്നും ലഭ്യമാക്കി നല്‍കുന്നു. എം.എല്‍.എയുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിച്ചുവരുന്നു.
മരുന്നുകള്‍ എത്തിച്ച് നല്‍കാനാണ് അവശ്യക്കാര്‍ കൂടുതലായും ഹെല്‍പ്പ് ഡെസ്‌ക്കിലേക്കു വിളിക്കുന്നത്. അര്‍ബുദ രോഗികള്‍, ജീവിതശൈലീ രോഗികള്‍, ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തില്‍ ഈ സേവനം വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജനങ്ങള്‍ക്ക് ഈ അവസരത്തില്‍ ഏതൊക്കെ തലങ്ങളില്‍ സഹായം എത്തിച്ചു നല്‍കാനാകുമോ അവിടെയൊക്കെ സഹായം ലഭ്യമാക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് സാധിക്കുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. നമ്മുടെ ജില്ലയില്‍ നിന്നുമാത്രമല്ല മറ്റു ജില്ലകളില്‍ നിന്നു പോലും ചിലര്‍ മരുന്നിനും മറ്റുമായി വിളിക്കുന്നുണ്ട്. അവര്‍ക്കൊക്കെ സേവനം എത്തിക്കാനും കഴിയുന്നുണ്ട്. വോളന്റിയേഴ്സ് ഉള്‍പ്പെട്ട ധാരാളം ആളുകളുടെ പരിശ്രമത്തിന്റെ ഫലമാണു കോള്‍സെന്റര്‍ പ്രവര്‍ത്തനം മികച്ചരീതിയില്‍ മുന്നോട്ട് പോകാന്‍ കാരണമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
നിര്‍ധനര്‍ക്കു സൗജന്യമായും അല്ലാത്തവര്‍ക്ക് വീട്ടുപടിക്കല്‍ സാധനവുമായി എത്തുന്ന വോളന്റിയേഴ്സിന്റെ കൈവശം ചെലവായ ബില്‍ തുക മാത്രം നല്‍കിയും ഈ സൗകര്യം വിനിയോഗിക്കാം. ട്രാന്‍സ്പോട്ടേഷന്‍ ഫീസ് ഈടാക്കില്ല.
നിര്‍ധനര്‍ക്കു ലഭ്യമാക്കുന്ന സാധന സേവനങ്ങളുടെ തുക സുമനസുകളില്‍ നിന്നും വോളന്റിയേഴ്സില്‍ നിന്നുമാണു കണ്ടെത്തുന്നത്. ഗര്‍ഭിണികള്‍ വാഹനസൗകര്യത്തിനായി ജില്ലയിലെ പലഭാഗത്തു നിന്നും വിളിക്കുന്നുണ്ട് ഇവിടേക്ക്. പ്രസവവേദനയില്‍ വിളിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരെ ആശുപത്രിയിലെത്തിക്കാനും ഹെല്‍പ്പ് ഡെസ്‌ക്ക് സഹായിക്കുന്നു. മാത്രമല്ല എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഹൃദ്രോഗികള്‍ക്കും, കരള്‍ മാറ്റിവച്ചവര്‍ക്കുമുള്ള മരുന്നുകളും എത്തിച്ചു നല്‍കുന്നുണ്ട്. ഇവിടെ ലഭിക്കാത്ത മരുന്നുകള്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നും എത്തിക്കാനുള്ള ശ്രമവും ഇവര്‍ തുടങ്ങിക്കഴിഞ്ഞു.
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്ക് പുറത്തിറങ്ങാതെ സാധനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കാനും ഹെല്‍പ്പ് ഡസ്‌ക്ക് മൂലം സാധിക്കുന്നുണ്ട്. ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് തനിയെ ആഹാരം പാകം ചെയ്യാനാകാത്തതിനാല്‍ അവര്‍ക്ക് വീട്ടുജോലിക്കായി ഒരാളെ വേണമെന്ന ആവശ്യവും ഹെല്‍പ്പ് ഡസ്‌ക്കിലൂടെ സാധിച്ചു. മറ്റു ജില്ലകളില്‍ നിന്നു ഹെല്‍പ്പ് ഡെസ്‌ക്കുകളിലേയ്ക്ക് എത്തുന്ന വിളികളും അവഗണിക്കാറില്ലെന്നും വോളന്റിയേഴ്സ് പറയുന്നു. വോളന്റിയേഴ്സ് വേണ്ട മുന്‍കരുതലുകള്‍ എടുത്തശേഷമാണു വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍വരെ സാധനങ്ങള്‍ ആവശ്യപ്പെട്ടു വിളിക്കുന്നുണ്ട് ഹെല്‍പ്പ് ഡസ്‌ക്കിലേയ്ക്ക്. ഇന്നുമാത്രം ഉച്ചവരെ 47 കോളുകളാണ് എത്തിയത്. ചില ഗ്രാമപഞ്ചായത്തുകളില്‍ സാധനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ എത്തിച്ചുനല്‍കുന്നു. ഭക്ഷണപൊതികള്‍ ആവശ്യമായവര്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്കിലൂടെ അവ എത്തിച്ചു നല്‍കുന്നുണ്ട്. മാര്‍ച്ച് ഒന്‍പതിന് റാന്നി ഐത്തലയില്‍ 120 ഭക്ഷണ പൊതികളുമായി ഭക്ഷണം എത്തിച്ചുനല്‍കിയാണ് ഹെല്‍പ്പ് ഡസ്‌ക്കിന്റെ് പ്രവര്‍ത്തനം ആരംഭിച്ചത്. 8790914142, 9526337631, 9188367219, 6238426756, 9447595002 എന്നീ നമ്പരില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാണ്.