ആറന്മുള : പാർഥസാരഥിക്ഷേത്രത്തിലെ ഒൻപതാം ഉത്സവനാളായ ചൊവ്വാഴ്ച പ്രസിദ്ധമായ പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. രാത്രി 11-നാണ് പള്ളിവേട്ട എഴുന്നള്ളിപ്പ്. ക്ഷേത്രചൈതന്യം ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് പള്ളിവേട്ട. ആറന്മുള കാവിട തറവാട്ടിലെ മുതിർന്ന കാരണവർക്കാണ് പള്ളിവേട്ടയുടെ അവകാശം ലഭിച്ചിരിക്കുന്നത്. പള്ളിവേട്ടയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് കാവിട നായർ പമ്പയിൽ മുങ്ങിക്കുളിച്ച് ദേവസ്വംബോർഡ് നൽകുന്ന കട്ടയും കവണിയും ധരിച്ച് ആനപ്പുറത്തെഴുന്നള്ളുന്ന ഭഗവാനൊപ്പം പ്രദക്ഷിണം വെയ്ക്കും.
ദേവസന്നിധിയിൽനിന്ന് തന്ത്രി ശ്രീകോവിലിൽ പൂജിച്ചുനൽകുന്ന വില്ലും മൂന്ന് ശരങ്ങളും സ്വീകരിച്ച് ദക്ഷിണ നൽകി പള്ളിവേട്ട ആൽമരച്ചുവട്ടിലേക്ക് വാദ്യമേളമില്ലാതെ എത്തിച്ചേരും. ആൽമരത്തിൽ ഒരുക്കിയിരിക്കുന്ന കുട്ടിവനത്തിൽ കയറി കരിക്കിൻകുല, കുലവാഴ എന്നിവയിലേക്ക് കാവിട കാരണവർ ശരങ്ങളെയ്യും. തുടർന്ന് മംഗളവാദ്യം മുഴക്കി ഭഗവാൻ പാർഥസാരഥി തിരിച്ചെഴുന്നള്ളുന്ന വഴികളിലെ നിറപറകളും അൻപൊലികളും സ്വീകരിച്ച് ക്ഷേത്രത്തിന് വലംവെച്ച് ശയ്യാമണ്ഡപത്തിൽ എത്തുമ്പോൾ പ്രത്യേകം തയ്യാറാക്കിയ പട്ടുമെത്തയും തലയണയും മുളപ്പാളികളുംവെച്ച് തന്ത്രി ഭഗവാനെ സമാധിയിലേക്ക് ഉയർത്തും. ഇതിനുശേഷം കാവിട നായർ ക്ഷേത്രത്തിൽ പ്രവേശിച്ച് വില്ലും ശരങ്ങളും വേട്ടയാടി കൊണ്ടുവരുന്ന രണ്ട് കരിക്കുകളും നമസ്‌കാര മണ്ഡപത്തിൽ സമർപ്പിച്ച് ദക്ഷിണവാങ്ങി പുറത്തിറങ്ങുന്നതോടെ പള്ളിവേട്ട ചടങ്ങുകൾ സമാപിക്കും. ബുധനാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.