ആറന്മുള : ബൈക്കിലെത്തി മാല പറിക്കുന്ന രണ്ടംഗ സംഘം അറസ്റ്റിലായി. ഇലന്തൂർ ചാമക്കാലപടിയിൽ റോഡിലൂടെ നടന്ന് പോയ വീട്ടമ്മയെ അടിച്ച് വീഴ്ത്തി മൂന്ന് പവൻ സ്വർണ്ണമാല പൊട്ടിച്ച് ഓടിക്കൂടിയ ജനങ്ങളെ ഭീതിയിലാഴ്ത്തി കടന്നുകളഞ്ഞ ഇലവുംതിട്ട സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
കൈപ്പുഴ നോർത്ത് പിടഞ്ഞാറേ പൂക്കൈതയിൽ വീട്ടിൽ തമ്പിയുടെ മകൻ പ്രദീപ്, കോട്ടുപ്പള്ളിൽ വീട്ടിൽ അച്ചൻ കുഞ്ഞിന്റെ മകൻ അനീഷ് എന്നിവരടങ്ങുന്ന സംഘത്തെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കുറെ നാളായി ആളില്ലാത്ത സ്ഥലത്ത് ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു ഇവരുടെ പതിവ്. ഒരു അവ്യക്തമായ ചിത്രം മാത്രം ഉപയോഗിച്ച് ആറന്മുള പോലീസ് പ്രതികളെ 15 ദിവസത്തിനുള്ളിലാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ഐപിഎസ്, പത്തനംതിട്ട ഡിവൈഎസ്പി സജീവ്, എന്നിവരുടെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു അന്വേഷണം. വിവിധ സ്ഥലങ്ങളിലെ ഏകദേശം നൂറോളം സിസിടിവികളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതികളുടെ ബ്ലൂ ചെക്ക് ഷർട്ട് മാത്രമാണ് പല ചിത്രങ്ങളിലും തെളിഞ്ഞത്. ചിത്രങ്ങളിൽ പ്രതികൾ ഉപയോഗിച്ചത് ഹീറോ ഹോണ്ട ഗ്ലാമർ ബൈക്ക് ആണെന്ന് മനസിലായതിനെ തുടര്‍ന്ന്‍ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ എല്ലാ ഗ്ലാമർ ബൈക്കുകളും അന്വേഷണ സംഘം പരിശോധിച്ചു. സ്റ്റേഷൻ ജീപ്പിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ഗ്ലാമർ ബൈക്ക് അന്വേഷണം പ്രതികളിലേയ്ക്ക് എത്തിക്കുകയായിരുന്നു. ജീപ്പിന്റെ ക്യാമറയിൽ പതിഞ്ഞ അവ്യക്തമായ ചിത്രം KL 03 AE 0517 ആണെന്ന് തിരിച്ചറിഞ്ഞു. അഡ്രസ് പരിശോധിച്ചതിൽ പ്രതിയുടെ അച്ഛന്റെ പേരിലുള്ള ബൈക്ക് ആണെന്ന് മനസ്സിലായി.
പൊട്ടിച്ചെടുത്ത മാല പ്രതികൾ 80000 രുപയ്ക്ക് ഫെഡറൽ ബാങ്ക് ശാഖയിൽ പണയപ്പെടുത്തുകയും വീണ്ടും പണയമെടുത്ത് ഒരു ലക്ഷം രുപയ്ക്ക് വിൽക്കുകയും ചെയ്തു. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പ്രതികൾ അവർ തന്നെയാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. വീട്ടമ്മ പ്രതികളെ തിരിച്ചറിഞ്ഞു. സ്റ്റേഷൻ ജീപ്പിലെ ക്യാമറയുടെ ഉപയോഗം പ്രതികളെ തിരിച്ചറിയാൻ സഹായിച്ചു. വീണ്ടും മാലപറിക്കാൻ ഇറങ്ങിയ സംഘം സ്റ്റേഷൻ ജീപ്പിലെ ക്യാമറയിൽ തന്നെ കുടുങ്ങിയിരുന്നു.
ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ, എസ് ഐമാരായ കെ.ദിജേഷ്, ജോബിൻ ജോർജ്ജ്, ബിജു ജേക്കബ്, സി.കെ.വേണു, എഎസ്ഐ പ്രസാദ്, സി പി ഓ മാരായ ജോബിൻ ജോൺ, വി.ആർ.രെജു , രതീഷ് രവീന്ദ്രൻ, വിപിൻ രാജ്, രതിഷ്, ഷെബീർ ഇസ്മായിൽ, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.