കോഴഞ്ചേരി : ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്ക് വിപുല തയാറെടുപ്പുകളുമായി സർക്കാർ വകുപ്പുകൾ. 18ന് നടക്കുന്ന ജലമേളയുടെ ആവേശത്തിന് മുതല്‍ക്കൂട്ടാകുംവിധം കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം. ജലോത്സവത്തിന് മുന്നോടിയായി വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാൻ പോലിസിന്റെ 650 പേര് അടങ്ങുന്ന സംഘത്തെ വിന്യസിക്കും. പള്ളിയോട സേവാസമിതിയുമായി ചേര്‍ന്ന് ബോട്ട് പട്രോളിങ് ശക്തമാക്കും. 17,18 തീയതികളില്‍ പമ്പാനദിയിലെ ജലവിതാനം ക്രമീകരിച്ചുനിലനിര്‍ത്തുന്നതിന് പമ്പ ഇറിഗേഷന്‍ പ്രൊജക്ട് നടപടി സ്വീകരിക്കും. ആറന്മുളയിലും പരിസര പ്രദേശങ്ങളിലും മദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കൂടുതല്ഊര്ജിതമാക്കും.
ശുദ്ധമമായ കുടിവെള്ളത്തിന്റെ ലഭ്യത വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. കോഴഞ്ചരി ജില്ലആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനവും അധിക കിടക്കകളും ആരോഗ്യവകുപ്പ് ഉറപ്പാക്കും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഖാന്തിരം ക്ലോറിനേഷന് നടത്തണം. ആംബുലന്‍സ് സേവനവും ഉറപ്പാക്കണം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നും അധിക ബസ് സര്‍വീസുകള്‍ ക്രമീകരിക്കും. മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള, കോയിപ്രം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ സേനയെ വിന്യസിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പമ്പയാറ്റിലെ സ്റ്റാര്‍ട്ടിങ് പോയിന്റിലും മറ്റും നീക്കപ്പെടാതെ കിടക്കുന്ന മണല്‍പുറ്റുകള്‍ ജലസേചന വകുപ്പ് അടിയന്തിരമായി നീക്കം ചെയ്യും. വാര്യാപുരം ജംഗ്ഷനിലെ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്കി. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാൻ കലക്ടര്‍ എസ്. പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തി. ജലോത്സവുമായി ബന്ധപ്പെട്ട് അടിയന്തി രഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കോഴഞ്ചേരി, തിരുവല്ല തഹസില്‍ദാര്‍മാരേയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി അടൂര്‍ ആര്.ഡി.ഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.