പത്തനംതിട്ട: കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഐജി റാങ്കിലുള്ള വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കുക, സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 15ന് പത്തനംതിട്ട കളക്ടറേറ്റ് പടിക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഏകദിന ധര്‍ണ നടത്തും.
പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമില്ലാതെ രോഗിയെ ആംബുലന്‍സില്‍ ഒറ്റയ്ക്ക് ചികിത്സ കേന്ദ്രത്തിലേക്ക് വിട്ടതുകൊണ്ടാണ് ഇത്തരത്തില്‍ ദാരുണ സംഭവം ഉണ്ടായത്.
എന്നാല്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികളുടെ വീഴ്ച മറച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തിലെ മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പഴുതടച്ച അന്വേഷണം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി ഇടപെടലുകള്‍ നടത്താന്‍ വേണ്ടിയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ‘ജസ്റ്റീസ് ഫോര്‍ കോവിഡ് ഗേള്‍’ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.