തണ്ണിത്തോട് : രുചികളൊരുക്കുന്ന ആരണ്യകം കഫേ വർഷങ്ങളായി അസൗകര്യങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഭാഗികമായി ഈറ്റ മേഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് മഴക്കാലത്ത് ചോർച്ച തടഞ്ഞിരുന്നത്. കൂടാതെ അടച്ചുറപ്പില്ലാത്ത ഷെഡ്ഡിന്റെ പരിമിതികളുമുണ്ടായിരുന്നു.വനിതകൾക്ക് വരുമാന മാർഗമെന്ന നിലയിൽ എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ കീഴിൽ 7 വർഷം മുൻപാണ് കോന്നി– തണ്ണിത്തോട് റോഡരികിലായി പേരുവാലി വനഭാഗത്ത് നാടൻ ഭക്ഷണശാല ആരംഭിച്ചത്. ഇവിടെ നിന്ന് മികച്ച വരുമാനം ലഭിച്ചതോടെ പിന്നീട് കോന്നി വന വികാസ ഏജൻസി ആരണ്യകം കഫേ ഏറ്റെടുത്തു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞും താൽക്കാലിക ഷെഡ്ഡിന്റെ പരിമിതികളിൽ തന്നെയായിരുന്നു പ്രവർത്തനം. ആരണ്യകം കഫേയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 2 ആഴ്ചയോളമാകുന്നു. ഓണത്തിനു പ്രവർത്തനം ആരംഭിക്കാനാകുന്ന തരത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വനംവകുപ്പിന്റെ വന വികാസ ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 6.76 ലക്ഷം രൂപ ചെലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവയുണ്ടാകും. തറയിൽ പൂട്ടുകട്ടകൾ നിരത്തും. മികച്ച നിലവാരത്തിലാണ് മേൽക്കൂര ഒരുക്കുന്നത്. ലോഹ ചട്ടക്കൂടിന് മുകളിലായി മേൽക്കൂരയിൽ വാട്ടർ പ്രൂഫ് സിമന്റ് ബോർഡ് ഉറപ്പിക്കും.