ആറാട്ടുപുഴ : ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്കായുള്ള മിനി എംസിഎഫ് നിർമാണ ക്രമക്കേടിൽ ജീവനക്കാർക്കെതിരേ നടപടി. തൊഴിലുറപ്പുപദ്ധതിയിലെ അഞ്ച് താത്കാലിക ജീവനക്കാരെയാണ് പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിട്ടത്. അക്രഡിറ്റഡ് എൻജിനിയർ, രണ്ട് ഓവർസിയർമാർ, രണ്ടു ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണൊഴിവാക്കിയത്. തൊഴിലുറപ്പ് ഓംബുഡ്സ്മാൻ, ജില്ലാതല ഗുണനിലവാര പരിശോധനാസമിതി, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എന്നിവർ അന്വേഷിച്ച് അഴിമതിയാരോപണം വസ്തുതാപരമാണെന്നു കണ്ടെത്തി നടപടിക്കു ശുപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും നടന്നുവരുകയാണ്. ഇതിനിടെയാണ് നടപടിയുണ്ടാകുന്നത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ശ്യാംകുമാറാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളും ഖരമാലിന്യങ്ങളും താത്കാലികമായി സൂക്ഷിക്കുന്നതിനു പഞ്ചായത്തിലെ 18 വാർഡുകളിലും തൊഴിലുറപ്പ് പദ്ധതിത്തുക ഉപയോഗിച്ച് മിനി എംസിഎഫ് സ്ഥാപിച്ചത്. 11,07,198 രൂപയാണ് ഇതിനായി വകയിരുത്തിയത്. അടങ്കലിൽ പറഞ്ഞിരുന്നതിനേക്കാൾ വ്യാസം കുറവുള്ള ട്യൂബാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അലൂമിനിയം ട്രാഫോഡ് ഷീറ്റിനുപകരം കനംകുറഞ്ഞ ജിഐ ഷീറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. ചില എംസിഎഫിന്റെ തറ കോൺക്രീറ്റിട്ട് ഉറപ്പിച്ചതെന്നാണ് എം. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തി നടത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.