റാന്നി : മഴക്കാലത്ത് ജലനിരപ്പ് ഉയര്‍ന്ന് കോസ്‌വേ കള്‍ മുങ്ങി അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി ഭാഗങ്ങള്‍ പെട്ടന്ന് ഒറ്റപ്പെട്ടുപോകുന്നത് ഒഴിവാക്കുന്നതിന് ഇവിടങ്ങളില്‍ ബെയിലി പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
ചൊവ്വാഴ്ച ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പമ്പാനദിയിലെ എയ്ഞ്ചല്‍വാലി, കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍, മുക്കം തുടങ്ങിയ കോസ്വേകള്‍ മുങ്ങി പോയിരുന്നു. ഇതോടെ മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ സെറ്റില്‍മെന്റ് കോളനികള്‍ ഒറ്റപ്പെട്ടുപോയി. എന്‍ഡിആര്‍എഫ് സഹായത്തോടെ ആന്റോ ആന്റണി എംപി യോടൊപ്പം ഒറ്റപ്പെട്ടുപോയ കുരുമ്പന്‍മൂഴി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഇവിടങ്ങളില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് ശാശ്വത പരിഹാരം. ഇതിന് ഉണ്ടാകുന്ന കാലതാമസം കണക്കിലെടുത്ത് അടിയന്തിരമായി ഇവിടങ്ങളില്‍ ബെയിലി പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, വൈസ് പ്രസിഡന്റ് നിഷാ അലക്സ്, തഹസില്‍ദാര്‍ രമ്യ പി. നമ്പൂതിരി, ജോജി ജോര്‍ജ്, അമല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.