പത്തനംതിട്ട : 28 ചൊവ്വാഴ്ച നടക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവയുടെ നേതൃത്വത്തില്‍ ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് എഡുക്കേഷനിലെ വിദ്യാര്‍ത്ഥിനികളാണു ഫ്‌ളാഷ്‌മോബ് നടത്തിയത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ രാവിലെ 9ന് ആദ്യ ഫ്‌ളാഷ്‌മോബ് നടത്തിയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കംകുറിച്ചത്. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം ദിനചര്യയുടെ ഭാഗമാക്കല്‍, മാനസികാരോഗ്യവും ലഹരിവര്‍ജനവും, ശുചിത്വവും മാലിന്യ സംസ്‌കരണവും, രോഗപ്രതിരോധ- ആരോഗ്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഉപയോഗവും എന്നീ അഞ്ചുസന്ദേശങ്ങള്‍ ഫ്‌ളാഷ് മോബിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണു പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ആര്‍ദ്രം അസി.നോഡല്‍ ഓഫീസര്‍ ഡോ.സി.ജി ശ്രീരാജ്, മാസ്മീഡിയ ഓഫീസര്‍മാരായ അശോക് കുമാര്‍ ടി.കെ, സുനില്‍കുമാര്‍.എ എന്നിവര്‍ ഫ്‌ളാഷ്‌മോബിന്റെ ജില്ലയിലെ പര്യടനത്തിന് നേതൃത്വം നല്‍കി. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡ്, അടൂര്‍ ഗവ.ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.