പത്തനംതിട്ട : ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 28 ചൊവ്വാഴ്ച രാവിലെ 10ന് വനം വകുപ്പ് മന്ത്രി അഡ്വ കെ.രാജു നിര്‍വഹിക്കും. പത്തനംതിട്ട മുന്‍സിപ്പല്‍ ഓപ്പണ്‍സ്റ്റേജില്‍ നടക്കുന്ന യോഗത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എഅധ്യക്ഷത വഹിക്കും.
പരിപാടിയുടെ ഭാഗമായി രാവിലെ 8.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് കൂട്ടനടത്തം നടക്കും. കൂട്ടനടത്തം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഫ്‌ളാഗ് ഓഫ് ചെയ്യും. കൂട്ടനടത്തത്തില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം സൈക്ലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, ഫ്‌ളാഷ്‌മോബ്, തെരുവുനാടകം തുടങ്ങിയ പരിപാടികളും ഉണ്ടാകും.
പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, അഡ്വ.കെ.യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
‘എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്നോട്ടുവെച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളിലും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യത്തിന് അനുഗുണമായ മനോഭാവവും വളര്‍ത്തിയെടുക്കാനാണ് ക്യാമ്പയിലൂടെ ശ്രമിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലം, വ്യായാമം ദിനചര്യയുടെ ഭാഗമാക്കല്‍, മാനസികാരോഗ്യവും ലഹരി വര്‍ജനവും, ശുചിത്വവും മാലിന്യ സംസ്‌ക്കരണവും, രോഗപ്രതിരോധ ആരോഗ്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളും ആരോഗ്യ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തലും അടങ്ങിയ അഞ്ചു ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണു ബഹുജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു.