കൊച്ചി: കൊച്ചിയിലെ അനധികൃത ബോർഡുകളുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്നാണ് ഹൈക്കോടതി തുറന്നടിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിലാണ് വിമർശനം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നതെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതുകൊണ്ട് പേടിച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു. പിഴയീടാക്കി നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തില്ലേൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയ കോടതി കേസ് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തിൽ നല്ല റോഡില്ല എന്നല്ല പറഞ്ഞതെന്നും എന്നാൽ തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുകയെന്നതാണ് സാധാരണക്കാരന്‍റെ ചോദ്യം. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എപ്പോൾ പുതിയൊരു കേരളം കാണാനാകുമെന്നും റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഇന്ത്യയിലെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.