കോന്നി : കനത്ത മഴയിൽ നാശനഷ്ടം ഉണ്ടായ കൊക്കാത്തോട്ടിലെ വിവിധ പ്രദേശങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച പെയ്ത കനത്ത മഴയിൽ കൊക്കത്തോട്ടിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. രാത്രിയിൽ തന്നെ അപകടമുണ്ടായപ്പോൾ ഫയർഫോഴ്സ്, പോലീസ്, കെ എസ് ഇ ബി ഉദ്യോഗസ്ഥർ എംഎൽഎയുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നിർമ്മാണത്തിലിരുന്ന ഇഞ്ച ചപ്പാത്ത് വാഹന ഗതാഗതം സാധ്യമാകാത്ത തരത്തിൽ തകർന്നിരുന്നു. രാവിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തിരമായി കലുങ്ക് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. സ്ഥലത്ത് എത്തിയ എംഎൽഎ വാഹന ഗതാഗതം പുനസ്ഥാപിച്ചതിനുശേഷം ആണ് മടങ്ങിയത്.
ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശനഷ്ടം ഉണ്ടായ വീടുകളിൽ എത്തിയ എം എൽ എ അപകടമുണ്ടായ വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനു നിർദ്ദേശം നൽകി. റവന്യൂ ഉദ്യോഗസ്ഥരോട് അടിയന്തിരമായി നാശനഷ്ടം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. തകരാറിലായ വൈദ്യുതി സംവിധാനം അടിയന്തരമായി പുനക്രമീകരിക്കാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടിയന്തിര വൈദ്യ ശുശ്രൂഷ നൽകുന്നതിന് ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു.
മണ്ണും ചെളിയും അടിഞ്ഞുകൂടിയ വീടുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിരമായി ശുചീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശം നൽകി. കൊക്കത്തോട്ടിൽ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ടവരുടെ സഹായത്തിനായി പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാശനഷ്ടം നേരിട്ട ആളുകളുടെയും യോഗം ചേരണമെന്ന് എം എൽ എ നിർദ്ദേശിച്ചു. പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായ വിവിധയിടങ്ങൾ എം എൽ എ സന്ദർശിച്ചു. അരുവപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, പഞ്ചായത്തംഗം വി കെ രഘു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീന രാജൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുരുകേഷ് കുമാർ, റവന്യൂ, കെഎസ്ഇബി, വനം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.