തിരുവനന്തപുരം : സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ഗവർണ്ണറുടെ നയപ്രഖ്യാപനം നാളെ നടക്കും. വിവാദ വിഷയങ്ങളിൽ ഗവർണ്ണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
പൗരത്വ നിയമഭേദഗതി വിഷയം സർക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങവെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ നാളെ നിയമസഭയിലെത്തുന്നത്. പൗരത്വ നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള പരാമർശങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ ഉൾപ്പെട്ടതോടെ പ്രസംഗത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാവും. നിയമത്തിനെതിരായ വാചകങ്ങൾ വായിക്കാതെ ഒഴിവാക്കുകയോ അല്ലെങ്കിൽ വായിച്ച ശേഷം വിയോജിപ്പ് രേഖപ്പെടുത്താനോ ഗവർണ്ണർക്ക് അധികാരമുണ്ട്. രണ്ടായാലും സർക്കാരും ഗവർണ്ണറും തമ്മിലുളള തർക്കം അത് വിണ്ടും രൂക്ഷമാക്കും. ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭ രേഖകളില്‍ ഉണ്ടാവുക.
സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഗവര്‍ണ്ണറുടെ നിലപാട്. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന് 1997 ലെ സ്പീക്കറുടെ റൂളിംങ് ഉള്ളത് കൊണ്ട് ഗവര്‍ണ്ണര്‍ ഉന്നയിക്കുന്ന തടസ്സം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.