ഇടുക്കി : പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി. മേഘമലയ്ക്ക് സമീപം ശ്രീവില്ലിപുത്തൂരിലെ ജലായശത്തില്‍ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ഒരു തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. മംഗളദേവി വനമേഖലയില്‍ നിന്നാണ് ആന മേഘമലയിലേക്ക് പോയത്. ഇന്ന് മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗര്‍ണമി ഉത്സവമായതിനാല്‍ നിരവധിപേരെത്തും.
അരിക്കൊമ്പന്‍ ഈ ഭാഗത്തേക്ക് തിരികെ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാന്‍ വനപാലക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് തുരത്താനും നിര്‍ദ്ദേശം നല്‍കി. പൂര്‍ണ ആരോഗ്യവാനായ അരിക്കൊമ്പന്‍ നാല്‍പ്പതിലധികം കിലോമീറ്ററാണ് ഇതുവരെ സഞ്ചരിച്ചത്. ബുധനാഴ്ച വൈകിട്ട് പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു. ഇവിടെ വാച്ചര്‍മാര്‍ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ സ്ഥലങ്ങള്‍ക്ക് സമീപത്തെ അതിര്‍ത്തി വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തി. ഇവിടെ നിന്നാണ് ചുരുളിയാറില്‍ എത്തിയത്.