കൊച്ചി: തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അവനിഷ്ടമുള്ളിടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. നാളെ രാവിലെ പത്തരയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് താത്കാലിക വിലക്ക്. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിച്ചത്. ഇതില്‍ നാളെ വാദം കേള്‍ക്കുന്നത് വരെ തത്കാലം അരിക്കൊമ്പനെ തുറന്നുവിടരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.