ഇടുക്കി: അരിക്കൊമ്പന്‍ മേഘമലയില്‍ തന്നെ തുടരുന്നു. ആനയുടെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയില്‍ അരിക്കൊമ്പന്‍ ആക്രമണങ്ങള്‍ നടത്തുന്നില്ല. അതിനാല്‍ പെരിയാര്‍ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. അതേസമയം, മേഘമലയിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരും.
കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.