അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനുള്ള ശനിയാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നിലവിൽ ഷിരൂരിൽ കോരിച്ചൊരിയുന്ന മഴയാണ് നേരത്തെ പത്ത് മണിവരെ രക്ഷാപ്രവർത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചേക്കും. ഇപ്പോൾ തെരച്ചിൽ നടത്തുന്ന ഭാഗത്ത് അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടാവാൻ 70ശതമാനം സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറയുന്നു. അതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിന്റെ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ ഭാഗത്ത് റഡാറിൽ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്.
പക്ഷെ അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്.രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു. മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. മണ്ണിനടിയിലേക്ക് നാല് മീറ്റർ മുതൽ 5 മീറ്റർ വരെ മാത്രമേ റഡാറിലൂടെ കാണാനാവുക. മഴ പെയ്ത് ചെളി നിറഞ്ഞതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്ന് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറയുന്നു.