മുംബൈ: യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് അര്‍ജുന്‍ മുംബൈയുടെ ആദ്യ പതിനൊന്നില്‍ ഇടം പിടിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ കരിയറിലുടനീളം കളിച്ച അതേ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയായിരുന്നു മകന്‍ അര്‍ജുന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ തന്നെ ഇന്നിംഗ്സിലെ ആദ്യ ഓവര്‍ എറിയാന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ക്ഷണിക്കുകയും ചെയ്തു.
നായകന്‍ രോഹിത് ശര്‍മ്മയാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അരങ്ങേറ്റ ക്യാപ് കൈമാറിയത്. ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ഡ്വെയ്ന്‍ യാന്‍സനും മത്സരത്തില്‍ മുംബൈ അരങ്ങേറ്റത്തിന് അവസരം നല്‍കി. തന്റെ ആദ്യ ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സൂര്യയുടെ വിശ്വാസം കാത്തു. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞപ്പോള്‍ 17 റണ്‍സാണ് ഇരുപത്തിമൂന്ന് വയസുകാരനായ അര്‍ജുന്‍ വിട്ടുകൊടുത്തത്. എന്നാല്‍ വിക്കറ്റൊന്നും നേടാനായില്ല. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം ഇതോടെ സച്ചിനും അര്‍ജുനും സ്വന്തമാക്കി.