ദില്ലി; അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയുടെ ‘ചീറ്റ’ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരുണാചലിലെ ബോംഡില പട്ടണത്തിന് പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലഫ്റ്റനന്റ് കേണല്‍ വിവിബി റെഡ്ഡി, മേജര്‍ ജയന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അസമിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപത്ത് വച്ച് രാവിലെ 9.15ഓടെ ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എടിസി) ബന്ധം നഷ്ടപ്പെട്ടതായി ഗുവാഹത്തി ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് സ്ഥിരീകരിച്ചിരുന്നു. സൈന്യത്തിന് പുറമെ, സശാസ്ത്ര സീമ ബല്‍ (എസ്എസ്ബി), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) എന്നിവരും തിരച്ചിലില്‍ പങ്കെടുത്തു.