മുംബൈ : ആത്മഹത്യാ പ്രേരണക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹർജി ബോംബെ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റു കോടതി റിമാൻഡു ചെയ്ത പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത് കീഴ്‌ക്കോടതികളുടെ അധികാരഘടനയെ മറികടക്കുന്ന നടപടിയാവും എന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ എസ്.എസ്. ഷിന്ദേയും എം.എസ്. കാർണിക്കുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവിനു വിസമ്മതിച്ചത്. ഹൈക്കോടതി ഇടപെട്ട് അടിയന്തര ജാമ്യം നൽകേണ്ട അസാധാരണ സ്ഥിതിവിശേഷമൊന്നും ഈ കേസിൽ ഇല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു.
അടുത്തയാഴ്ചതന്നെ കേസിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബുധനാഴ്ച രാത്രിമുതൽ അലിബാഗിലെ താത്കാലിക ജയിലിലുള്ള അർണബ് ഏതാനും ദിവസംകൂടി അവിടെ കഴിയേണ്ടിവരുമെന്ന് ഉറപ്പായി. പ്രതിഫലക്കുടിശ്ശിക കിട്ടാത്തതിനെത്തുടർന്ന് ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദും ആത്മഹത്യ ചെയ്ത കേസിൽ പോലീസ് പുരന്വേഷണം നടത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമുള്ള വാദമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന വാദങ്ങളിൽ അർണബിനുവേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവേയും ആബാദ് പോണ്ഡയും ഉയർത്തിയത്.
എന്നാൽ പരാതിക്കാരിയായ അദ്‌നിയ നായിക്കിന്റെ ഭാഗം കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകിയതെന്നും റിപ്പബ്ലിക് ടി.വി.യുടെ പ്രസ്താവനയിലൂടെയാണ് അന്വയിന്റെ കുടുംബം ഇക്കാര്യം അറിഞ്ഞതെന്നും അവരുടെ അഭിഭാഷകൻ സുബോധ് ദേസായി ചൂണ്ടിക്കാണിച്ചു. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ച പരിഗണനയ്ക്കെടുത്ത ഹർജിയിൽ ശനിയാഴ്ച തുടർച്ചയായി ആറു മണിക്കൂർ വാദം കേട്ട ശേഷമാണ് ഹൈക്കോടതി വിധി പറയുന്നത് മാറ്റിയത്. അർണബിന്റെ മോചനത്തിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹരീഷ് സാൽവേ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് തയ്യാറായില്ല.
അർണബിനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റു കോടതി ഉത്തരവിനെ ചോദ്യംചെയ്ത് റായ്ഗഡ് പോലീസ് സെഷൻസ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെട്ട അർണബിനെ അലിബാഗിലെ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. കോവിഡ് പരിശോധനഫലം വന്ന ശേഷമേ തടവുകാരെ സ്ഥിരം ജയിലിലേക്ക് മാറ്റുകയുള്ളൂ.