പത്തനംതിട്ട : ആരോഗ്യ മന്തിയും സി.പി.എം ജില്ലാ നേതൃത്വവും മറുപടി പറയണമെന്ന് സാമുവൽ കിഴക്കുപുറം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിച്ച വ്യക്തിയോടൊപ്പം സി.പി.എം നേതാക്കൾ മുദ്രാവാക്യം വിളിച്ച് രക്തഹാരം അണിയിച്ച് സ്വീകരിച്ച കുമ്പഴ മൈലാട്ടുപാറ സ്വദേശിയെ കഞ്ചാവ് കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് സ്വീകരണത്തിന് നേതൃത്വം നല്കിയ സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രിയും സി.പി.എം ജില്ലാ നേതൃത്വവും മറുപടി പറയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. ബി.ജെ.പി അനുഭാവികളായിരുന്ന ക്രിമിനൽ കേസ് പ്രതികളെ സി.പി.എം-ലേക്ക് സ്വീകരിച്ചത് സി.പി.എം പാർട്ടിയുടെ ക്രിമിനൽ വൽക്കരണത്തിന്റേയും ഗുണ്ടാ രാഷ്ട്രീയത്തിന്റേയും ഭാഗമായിട്ടാണെന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വാദം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഭരണത്തിന്റെ തണലിൽ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ജില്ലയിൽ മണൽ, ക്വാറി, ക്വട്ടേഷൻ, മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും ഇവരെ നിയന്ത്രിക്കുവാൻ ജില്ലാ ഭരണകൂടത്തിനോ പോലിസ് സംവിധാനത്തിനോ കഴിയുന്നില്ലെന്നും സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി. കഞ്ചാവ് കേസ് പ്രതിക്ക് ജാമ്യം ലഭ്യമാക്കുവാൻ സി.പി.എം നേതാക്കൾ ഇടപെട്ടതായ വാർത്ത ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരത്തിലുള്ള മിക്ക കേസുകളിലും ഇടപെട്ട് പ്രതികളെ രക്ഷപെടുത്തുകയുംസംരക്ഷിക്കുകയും ചെയ്യുന്ന നടപടി തുടരുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്നമാണെന്നും ഇത് അവസാനിപ്പിക്കുവാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.