കൊച്ചി : അരൂജ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ട കേസില്‍ സിബിഎസ്ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകണമെന്ന് ഹൈക്കോടതി. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ കേരളത്തില്‍ നടക്കുന്നതെന്താണെന്ന് അറിയണമെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വേണ്ടിവന്നാല്‍ സിബിഎസ്ഇ ഡയറക്ടറെ വിളിച്ചുവരുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറേയും പോലീസിനേയും കേസില്‍ കക്ഷിചേര്‍ത്തു. 29 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ പത്താംതരം പരീക്ഷഎഴുതാന്‍ കഴിയാതെ വന്നത്. ഇതില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ സമരം നടത്തിയിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കേസ്സെടുത്ത പോലീസ് സ്‌കൂള്‍ അധികൃതരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.