കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ മാരക മയക്ക് മരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെകൂടി പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് മൈനാര്‍കരത്ത് വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കാക്കനാടുളള ഫ്‌ളാറ്റിലായിരുന്നു താമസം. നേരത്തെ പിടികൂടിയ ആബിദ്, ശിവപ്രസാദ് എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. രണ്ട് കിലോ എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടികൂടിയത്.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പിക്ക് വാനില്‍ കൊണ്ടുവരുന്ന വഴി കഴിഞ്ഞ ശനിയാഴ്ചയാണ് പോലിസ് പിടികൂടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു.