കൊച്ചി : തദ്ദേശ തിരിഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ ഉറച്ചാണ് തിരുവനന്തപുരത്തുനിന്ന് വിജിലന്‍സ് സംഘം ആലുവയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
എന്നാല്‍ വിജിലന്‍സിന്റെ അറസ്റ്റ് നീക്കം ചോര്‍ന്നതായാണ് സൂചന. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. അദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റുന്നതിന് ഡോക്ടര്‍ നിര്‍ദേശിച്ചതായാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകാനുള്ള സാധ്യത കുറവാണ്. അറസ്റ്റ് നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്ന് 10 അംഗ വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലാണെന്ന് അറിയുന്നത്. തുടര്‍ന്ന് വനിതാ പൊലീസിനെ എത്തിച്ച് വീട്ടില്‍ കടന്ന് പരിശോധന നടത്തിയിരുന്നു. എംഎല്‍എ നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണെന്നും വീട്ടില്‍ സ്ത്രീകള്‍ മാത്രമേയുള്ളൂ എന്നും പറഞ്ഞതിനെ തുടര്‍ന്ന് ആലുവ സ്റ്റേഷനില്‍ നിന്നു നാലു വനിത പോലീസുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് സംഘം അകത്തു കടന്നത്. അതുവരെ ഉദ്യോഗസ്ഥര്‍ പുറത്തു നിന്നു. തുടര്‍ന്ന് ഒരു സംഘം ഉദ്യോഗസ്ഥര്‍ പുറത്തേയ്ക്ക് പോയി. ഇവര്‍ ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേയ്ക്കാണ് പോയിരിക്കുന്നത് എന്നാണ് അറിയുന്നത്.
അതേസമയം ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം അതില്‍ കോടതി തീരുമാനം ഉണ്ടായ ശേഷമേ അറസ്റ്റിനുള്ള സാധ്യതയുള്ളൂ. ഇബ്രാഹിംകുഞ്ഞിനെതിരായ അടിയന്തര നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പി.ടി. തോമസ് എംഎല്‍എ പ്രതികരിച്ചു. നിലവില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പുകമറ സൃഷ്ടിക്കാനാണെന്നാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.