പള്ളുരുത്തി : കുമ്പളങ്ങിയില്‍ യുവാവിനെ കൊലപ്പെടുത്തി ചാലില്‍ കുഴിച്ചിട്ട കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേരെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി പുത്തങ്കരിവീട്ടില്‍ സെല്‍വന്‍ (53), കുമ്പളങ്ങി തറേപ്പറമ്പില്‍ വീട്ടില്‍ ഒന്നാംപ്രതി ബിജുവിന്‍റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ ഒമ്പതിന് രാത്രിയാണ് ബിജുവും സുഹൃത്തുകളും ചേര്‍ന്ന് പഴങ്ങാട്ടുപടിക്കല്‍ ആന്‍റണി ലാസറിനെ (39) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ലാസറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 21 ദിവസങ്ങള്‍ക്കുശേഷം ലാസറിന്‍റെ മൃതദേഹം ഒന്നാംപ്രതി ബിജുവിന്‍റെ വീടിനടുത്തുള്ള ചാലില്‍ അഴുകിയനിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച ലാസറും സഹോദരനും ചേര്‍ന്ന് ഒന്നാംപ്രതി ബിജുവിനെ നാലുവര്‍ഷം മുന്‍പ് ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിന് രാത്രി ഇരുവരും തമ്മിലുള്ള വഴക്ക് പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ബിജുവിന്‍റെ വീട്ടിലേക്ക് ലാസറിനെ എത്തിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ചുകഴിഞ്ഞ് ബിജുവും സുഹൃത്തുക്കളായ മറ്റു രണ്ട് പ്രതികളുംകൂടി ലാസറിനെ മര്‍ദിച്ചു. ഭിത്തിയില്‍ തലയിടിപ്പിച്ചും നെഞ്ചില്‍ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികള്‍ പൊലീസിനോടു പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം ബിജുവിന്‍റെ വീടിനു സമീപത്തുള്ള വരമ്പത്ത് കുഴികുത്തി മൂടുകയായിരുന്നു. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത് രാഖിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ടു പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയുണ്ടെന്നും പോലീസ് പറഞ്ഞു.