ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്. അച്ഛനും അമ്മയും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പിതാവ് ജോസ്‌മോൻ അടക്കം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിതാവ് ജോസ്‌മോൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ കുതറി മാറാൻ ശ്രമിച്ച ജാസ്മിനെ പിടിച്ചു വെച്ച് കൊലപ്പെടുത്താൻ സഹായം ചെയ്തത് അമ്മ ജെസിമോൾ ആണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക വിവരം മറച്ചു വെച്ചതും തെളിവ് നശിപ്പിച്ചതും അമ്മാവൻ അലോഷ്യസും.
കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ജോസ്‌മോനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തലുണ്ടായത്. ജാസ്മിൻ നിരന്തരമായി വീട്ടിൽ വഴക്കുണ്ടാക്കും, കഴിഞ്ഞ ദിവസം മുത്തശ്ശനെ തല്ലി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ്‌മോനുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മരണം ഉറപ്പിക്കാൻ കഴുത്തിൽ മുറുക്കിയ തോർത്ത് മുണ്ട് സമീപത്തെ പറമ്പിൽ നിന്നും കണ്ടെടുത്തു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരം കോടതിയിൽ ഹാജരാക്കും.