പത്തനംതിട്ട : പത്തിലധികം ക്രിമിനൽ കേസുകളിലെപ്രതിയും’കാപ്പാ’ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയനാവുകയും ചെയ്ത യുവാവ് കഞ്ചാവുമായി പത്തനംതിട്ട പോലീസിന്റെ പിടിയിലായി. കുലശേഖരപതി മൂലക്കൽ പുരയിടം മുഹമ്മദ് അലിയുടെ മകൻ ഷാജഹാൻ (37) ആണ് 80 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ആറാം തിയതി രാത്രി എട്ടു മണിക്കുശേഷം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പോലീസിനെ കണ്ട് കയ്യിലിരുന്ന പൊതി വലിച്ചെറിയാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പൊതിയിൽ കഞ്ചാവ് ആണെന്ന് മനസ്സിലായത്.
എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. പലതവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2018 ൽ ഇയാൾക്കെതിരെ കാപ്പാ പ്രകാരമുള്ള നടപടികളെടുത്തിരുന്നു. ഇത്തരക്കാർക്കെതിരെ കാപ്പാ നടപടി ഉൾപ്പെടെ നിയമനടപടി കർശനമായി നടപ്പാക്കാൻ എസ് എച്ച് ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പത്തനംതിട്ട പോലീസ് സബ് ഇൻസ്‌പെക്ടർ വിഷ്ണുവിനോപ്പം സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, രഞ്ജിത് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.