കൊല്ലം: മദ്യപിച്ചെത്തി ആശുപത്രിയിലെത്തി ബഹളം വെച്ച കോമഡി പരിപാടി താരത്തിനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ ഇയാൾ ഇവരോട് തട്ടിക്കയറുകയായിരുന്നു.
രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്.