പന്തളം : സമഗ്ര ശിക്ഷ കേരളത്തിന്‍റെ അഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ തൃശ്ശൂരിൽ നടന്ന “കലാ ഉത്സവ് 2023 ” ൽ ഒന്നാംസ്ഥാനം നേടി ദേശീയതലത്തിലേക്ക് പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പദ്മ രതീഷ്. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി അംഗവും മുടിയൂർക്കോണം മേഖലാ സെക്രട്ടറിയുമായ പദ്മ രതീഷ് രണ്ടാം ക്ലാസ് മുതൽ സ്കൂൾ കലോത്സവങ്ങളിൽ മോണോആക്ട്, കഥാപ്രസംഗം, നാടോടി നൃത്തം എന്നിവയിൽ ജില്ലാതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെ വിഷയം ആസ്പദമാക്കിയുള്ള മോണോആക്ടിലൂടെ ജില്ലയിൽ യുപി തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി പ്രമേയമാക്കിയുള്ള മോണോ ആക്ട് കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീറിൻറെ വിശ്വവിഖ്യാതമായ മൂക്ക്, ഡോക്ടർ രതീഷ് കുമാറിന്റെ ജാലിയൻവാലാബാഗ് എന്നീ കഥകളെ പ്രമേയമാക്കി അവതരിപ്പിച്ച കഥാപ്രസംഗത്തിന് ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കൂടാതെ ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നിരവധി ശില്പശാലകളിൽ പങ്കെടുത്തിട്ടുമുണ്ട്. പ്രശസ്ത നാടക സംവിധായകരായ നൂറനാട് സുകുവിന്‍റെ ആലീസിന്‍റെ അത്ഭുതലോകം, സജി തുളസിദാസിന്‍റെ ചായം തേച്ച മുഖങ്ങൾ, പ്രിയതാ ഭരതന്റെ മേരി ക്യൂറി, ദി ലൈറ്റ് ഓഫ് നോളജ് എന്ന ഇംഗ്ലീഷ് നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. കഥാകൃത്തും നോവലിസ്റ്റും എംജി സർവ്വകലാശാല സെക്ഷൻ ഓഫീസറുമായ ഡോ. രതീഷ് കുമാറിന്റെയും നാടക പ്രവർത്തകയും ബി എഡ് കോളേജ് അധ്യാപികയുമായ പ്രിയത ഭരതന്റേയും മകളാണ് പത്മാ രതീഷ്. ചിത്രകാരിയായ പാർത്ഥ രതീഷ് സഹോദരിയാണ്.