കോന്നി : എലിയറക്കൽ – കല്ലേലി റോഡിലെ അരുവാപ്പുലത്തുള്ള വനംവകുപ്പിന്‍റെ തേക്കുതോട്ടം സംരക്ഷിതപ്രദേശമായി. 27 ഹെക്ടർ സ്ഥലത്താണ് തേക്കുമരം വളർന്ന് നിൽക്കുന്നത്. ഇതിനകത്താണ് വനംവകുപ്പിന്റെ തടി ഡിപ്പോയും. 500 തേക്കുമരങ്ങൾ റോഡിന്റെ ഇരുവശത്തുമായി വളർന്നുനിൽപ്പുണ്ട്. 70 വർഷത്തിന് മുകളിൽ വളർച്ചയുള്ള തേക്കുമരങ്ങളാണ് ഇവ. ബ്രിട്ടീഷുകാർ തേക്കുകൃഷി കോന്നിയിൽ ആരംഭിച്ചപ്പോൾ അരുവാപ്പുലം നടുവത്ത്മൂഴി പ്രദേശത്തും തൈകൾവെച്ചിരുന്നു. അതിൽ കുറേ തടികൾ മുറിച്ചുമാറ്റി. അച്ചൻകോവിലാറിന്റെ തീരപ്രദേശമായിതിനാൽ തിട്ട ഇടിച്ചിൽ ഉണ്ടാകാതിരിക്കാനുംകൂടിയാണ് തേക്കുമരങ്ങൾ മുറിക്കാത്തത്.
യൂണിവേഴ്‌സിറ്റികളിൽ ഫോറസ്‌ട്രി കോഴ്‌സ് പഠിക്കുന്നവരും വനംവകുപ്പിലെ ജീവനക്കാരുടെ പരിശീലനത്തിന്റെ ഭാഗമായി തേക്കുതോട്ടം പരിചയപ്പെടുത്തുന്നതിനായി ഇവിടെ വരാറുണ്ട്. റോഡിന്റെ ഇരുഭാഗത്തും വളർന്നുനിൽക്കുന്ന തേക്കുമരങ്ങൾ ചൂടുകാലത്ത് വഴിയാത്രക്കാർക്ക് തണലുമേകുന്നുണ്ട്. കാലപ്പഴക്കത്തിൽ കേടുവന്ന് തേക്കുമരങ്ങൾ നശിച്ചതുകാരണം പഴയ എണ്ണമില്ല. വളർച്ച പൂർണമാകുമ്പോൾ തേക്കുതോട്ടങ്ങൾ മുറിച്ചുമാറ്റി പുതിയ തൈകൾ നടുകയാണ് രീതി. അരുവാപ്പുലത്തെ തോട്ടത്തിനൊപ്പമുണ്ടായിരുന്ന പല തേക്കുമരങ്ങളും ഇതിനകം മാറ്റിയിട്ടുണ്ട്. ഇവിടെ ആ രീതിയില്ലെന്ന് വനപാലകർ പറഞ്ഞു.