കോന്നി : അരുവാപ്പുലം, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ 2022 മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി തവണയാണ് വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടാവുകയും കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയും ചെയ്തത്. 2022 നവംബർ 21 നാണ് കലഞ്ഞൂർ കുടപ്പാറയിൽ പുലി ആടിനെ പിടികൂടിയത്. തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പുയോളിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആധുനിക നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് പൂച്ചക്കുളത്ത് പുലി ഉടമസ്ഥന്റെ കണ്മുന്നിൽ വെച്ച് വളർത്തുനായയെ പിടിച്ചത്. തുടർന്ന് വിഷയം നിയമ സഭയിൽ കോന്നി എം എൽ എ സബ്മിഷനായി ഉന്നയിക്കുകയും ചെയ്‌തു. പിന്നീട് കൂടൽ ഇഞ്ചപ്പാറയിൽ പുലി ആടിനെ കടിച്ചു കൊന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുറിഞ്ഞകല്ലിലെ വീട്ടിൽ നിന്നും പുലിയുടെതെന്ന് കരുതുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചത്.
അതിരുങ്കൽ, പോത്തുപാറ, ഇഞ്ചപ്പാറ, പൂമരുതിക്കുഴി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആണ് പിന്നീട് തുടർച്ചയായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടർന്ന് 2023 സെപ്റ്റംബർ 21 ന് കൂടൽ ഇഞ്ചപ്പാറയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലി കുടുങ്ങി എന്ന ആശ്വാസത്തിൽ ജനങ്ങൾ കഴിയുന്നതിനിടെ ആണ് പിന്നീട് പല സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആണ് ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഇതിന് മുൻപ് സംസ്ഥാന പാത മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായും ജനങ്ങൾ പറയുന്നു. രണ്ട് പഞ്ചായത്തുകളിലുമായി ഏകദേശം ഇരുപതിൽ അധികം ആടുകളെയാണ് പുലി ഭക്ഷിച്ചത്. വർഷങ്ങളായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ട്ടപെട്ടവരും അനവധിയാണ്. തണ്ണിത്തോട് പൂച്ചക്കുളത്തും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന പുലിയുടെ സാന്നിധ്യം നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ് ഇപ്പോൾ.