തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം അരുവിക്കര പോലീസ് സ്റ്റേഷനിലാണ് സംഭവം. ഓണാഘോഷ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തുകയായിരുന്നു. പ്രശാന്ത്, അനിൽ, അച്ചു ശങ്കർ എന്നിവർക്കാണ് സസ്പെൻഷൻ. ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥർ അച്ചടക്ക രഹിതമായി പെരുമാറിയെന്ന് എസ്പി കണ്ടെത്തുകയായിരുന്നു.
സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്ത് കുമാർ മിന്നൽ സന്ദർശനം നടത്തിയിരുന്നു. എസ്പി സ്റ്റേഷനിലെത്തിയത് അറിയാതെ ആഘോഷത്തിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്കലംഘനവും അസ്വാഭാവികമായ പെരുമാറ്റവും ഉണ്ടാവുകയായിരുന്നു. ഇതേത്തുടർന്നാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.





























