ന്യൂഡല്‍ഹി : ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ തൊഴിലില്ലാത്ത യുവാക്കള്‍ക്കും ജോലി ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സൗജന്യ വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവക്ക് പുറമെയാണ് പുതിയ വാഗ്ദാനം.
എഎപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതിയും വെള്ളവും സൗജന്യ രേവഡിയായി ( ഒരുപ്രത്യേക തരം മധുരപലഹാരം) നൽകുമ്പോൾ ബിജെപി അവരുടെ സുഹൃത്തുക്കൾക്ക് മാത്രമാണ് പലഹാരം വിതരണം ചെയ്യുന്നതെന്നും അതെല്ലാം അവസാനിക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നും കെജ്രിവാൾ ആരോപിച്ചു. നേരത്തെ എഎപിയെ സൗജന്യ രേവഡി നൽകുന്നവർ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് സൂച്ചിപ്പിച്ചായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ഇത് പൊതു പണമാണ്, നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതെന്തും പൗരന്മാർക്ക് വേണ്ടിയുള്ളതായിരിക്കണം, അല്ലാതെ കരാറുകാർക്കോ മന്ത്രിമാർക്കോ വേണ്ടിയല്ലെന്നു ം അദ്ദേഹം കൂട്ടിച്ചേർത്തു.
സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുന്നത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന വിമർശനം തെറ്റാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഒരു സർക്കാർ കടബാധ്യത ഉണ്ടാക്കുന്നത് സൗജന്യങ്ങൾ കൊണ്ടല്ല, അഴിമതി കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഗുജറാത്തിന് 3.5 ലക്ഷം കോടി രൂപയുടെ കടമുണ്ട്. ഇതിന് പിന്നിൽ ഞാനാണോ? കെജ്‌രിവാൾ ഇത് ചെയ്തിട്ടുണ്ടോ? അവർ നിങ്ങൾക്ക് എന്തെങ്കിലും സൗജന്യമായി ൽകിയിട്ടുണ്ടോ? നിങ്ങൾക്ക് ഗുജറാത്തിൽ എന്തെങ്കിലും സൗജന്യമായി ലഭിക്കുന്നുണ്ടോ? ഇല്ല, പിന്നെ എന്തിനാണ് ഈ കടം? അഴിമതിയാണ് കാരണം- കെജ്രിവാൾ പറഞ്ഞു.