തിരുവനന്തപുരം : നഗരസഭയിലെ കത്ത് വിവാദത്തിൽ പോലീസിന് ഇന്ന് പരാതി നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഇന്ന് പോലീസിൽ പരാതി നൽകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നൽകുക. സിറ്റി പോലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകുമെന്നും ആര്യ അറിയിച്ചു.
കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ല. ഇത്തരമൊരു പതിവില്ലെന്നും മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും മേയർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നഗരസഭയെയും മേയറെയും താഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയർന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചിരുന്നു.