മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും. പ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന പ്രതികളുടെയുടെയും ജാമ്യ ഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. എന്‍സിബിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ വാദിക്കും. ബോംബെ ഹൈക്കോടതിയാണ് വാദം കേള്‍ക്കുന്നത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. മറ്റ് പ്രതികളുടെ അപേക്ഷയില്‍ ഇന്നാണ് വാദം നടന്നത്.
നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ പറഞ്ഞു. ആര്യന്‍ ഖാന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.