തിരുവല്ല: “ഞങ്ങടെ പെൻഷൻ മുടങ്ങുമെന്നൊക്കെ കേട്ടു. ശരിയാണോ ? ….” ഈ സർക്കാരുള്ളിടത്തോളം കാലം അത് മുടങ്ങില്ല. ഇച്ഛാശക്തിയുള്ള ഒരു പാർട്ടി കേരളം ഭരിക്കുമ്പോൾ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങില്ല. തിരുവല്ലയിൽ ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനെത്തിയ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരെ ചേർത്തുനിർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജാഥയെ സ്വീകരിക്കാൻ കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ വേങ്ങലിൽനിന്നും എം ബി രാജനും കെ സി പത്രോസും ശങ്കരിയും ദേവകിയും എത്തിയത് റോസാ പൂക്കളുമായായിരുന്നു.
പെൻഷൻകാർ അവരുടെ വിഷമങ്ങൾ പറയാൻ വളരെ നേരത്തെ സമ്മേളന വേദിയായ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ എത്തിയിരുന്നു. ആശങ്കകൾ പങ്കുവച്ചപ്പോൾ ആത്മധൈര്യം പകർന്നാണ് ജാഥാ ക്യാപ്ടൻ അവരെ സ്വീകരിച്ചത്. പെട്രോളിന് 2 രൂപ സെസ് ഏർപ്പെടുത്തിയത് നിങ്ങളെ കരുതിയാണ്. ക്ഷേമ പെൻഷൻ വാങ്ങുന്നവർ കേരളത്തിൽ ലക്ഷങ്ങളാണുള്ളത്. വാർധക്യത്തിൽ മരുന്നിനും മറ്റുമായി വിഷമിക്കുന്ന സമയത്ത് നിങ്ങളെ സഹായിച്ചില്ലങ്കിൽ മറ്റാരെയാണ് സഹായിക്കുക. ഈ സർക്കാർ നിങ്ങളോടൊപ്പമാണെന്നും ക്യാപ്‌ടൻ ഉറപ്പുനൽകി.