റാന്നി: റാന്നി പുതിയപാലം നിർമ്മാണം പുനരാരംഭിക്കാൻ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് വസ്തു ഉടമകളുടെ മുൻകൂർ അനുമതി വാങ്ങുന്നതിന് നടപടിയായി. ഇതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത വസ്തു ഉടമകളുടെ യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. 41.4 കോടി രൂപ ചിലവഴിച്ച നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ചുമതല കെ. ആർ. എഫ്. ബിക്കാണ്. വസ്തു ഉടമകളുടെ മുൻകൂർ അനുമതി ലഭിച്ചാൽ കാലതാമസം ഒഴിവാക്കി നിർമ്മാണം ഉടൻതന്നെ ആരംഭിക്കാനാകും. അങ്ങാടി പഞ്ചായത്തിൽ ഉപാസന കടവ് മുതൽ അങ്ങാടി പേട്ട വരെയും റാന്നി പഞ്ചായത്തിൽ രാമപുരം – ബ്ലോക്ക് പടി റോഡുമാണ് അപ്രോച്ച് റോഡിനായി എടുത്തിട്ടുള്ളത്.
അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന് വസ്തു ഏറ്റെടുക്കുന്ന നടപടികൾ വൈകിയതാണ് പാലം നിർമ്മാണം ഇടയ്ക്കുവെച്ച് മുടങ്ങിയത്. ഇപ്പോൾ 152 ഉടമകളിൽ നിന്നും വസ്തു ഏറ്റെടുക്കുന്നതിനായി 14.4 കോടി രൂപയാണ് കെആർ എഫ് ബി ലാൻഡ് അസൈൻമെൻറ് വിഭാഗത്തിന് കൈമാറിയിരിക്കുന്നത്. വസ്തുവിന് വില നിശ്ചയിച്ച് ഉടമകളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി മഹസ്സർ തയ്യാറാക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. 90 വസ്തു ഉടമകളെ ഇതുവരെ ഹിയറിങ്ങിന് വിളിച്ചു. ജനുവരി 30ന് ശേഷം പണം കൈമാറാൻ കഴിയും. മുൻകൂർ അനുമതി ലഭിച്ചാൽ ഇതിനുള്ള കാലതാമസം ഒഴിവാക്കി ജനുവരി അവസാനത്തോടെ പാലം നിർമ്മാണം ടെൻഡർ ചെയ്യാനാകും. റാന്നി പഞ്ചായത്ത് മെമ്പർ സിന്ധു സഞ്ജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശശികല രാജശേഖരൻ, ബി സുരേഷ്, കെ ആർ എഫ് ബി എക്സി. എൻജിനീയർ ബി ദീപ, അസിസ്റ്റന്റ് എക്സി എൻജിനീയർ പി എം മീര, അസിസ്റ്റന്റ് എൻജിനൽ അനൂപ് ജോയി, ലാൻഡ് റവന്യൂ സൂപ്രണ്ട് മാരായ ഷൈനി പി വർഗീസ്, ഏ സീന, ഉദ്യോഗസ്ഥ എൻ ബിന്ദു എന്നിവർ പ്രസംഗിച്ചു.